08:38pm 20 May 2026
NEWS
പോലീസ് അടിച്ചുമാറ്റിയ ബോട്ട് എഞ്ചിനും മൊബൈൽ ഫോണും തിരിച്ചു കിട്ടാൻ കൂലിപ്പണിക്കാരന്റെ പോരാട്ടം


20/05/2026  06:41 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പോലീസ് അടിച്ചുമാറ്റിയ ബോട്ട് എഞ്ചിനും മൊബൈൽ ഫോണും തിരിച്ചു കിട്ടാൻ കൂലിപ്പണിക്കാരന്റെ പോരാട്ടം

മ്പലപ്പുഴ പോലീസ് വള്ളത്തിൽ നിന്ന് അടിച്ചുമാറ്റിയ ബോട്ട് എഞ്ചിനും മൊബൈൽ ഫോണും തിരിച്ചു കിട്ടാൻ കൂലിപ്പണിക്കാരനായ മകേഷ് നടത്തുന്ന പോരാട്ടം പ്രബുദ്ധ കേരളത്തിന്റെ കണ്ണുതുറപ്പിക്കേണ്ട പൗരാവകാശ പോരാട്ടം. കേരള  പോലീസ് അപമാനഭാരത്തോടെ തലകുനിക്കേണ്ട സംഭവങ്ങൾ നടന്നത് അമ്പലപ്പുഴ  പോലിസ് സ്റ്റേഷനിലും. 

പോലീസ് മോഷണം ഇരുട്ടിന്റെ മറവിൽ 

അമ്പലപ്പുഴ പുറക്കാട് മൂന്നാംവാർഡ് നൂറ്റിൽപ്പത്തിൽച്ചിറയിൽ മകേഷ് (30) കൂലിപ്പണിയിലൂടെ ഉപജീവനമാർഗം കണ്ടെത്തുന്ന സാധാരണക്കാരനാണ്. സ്വന്തമായുള്ള വള്ളത്തിൽ വൈക്കോൽ കയറ്റിക്കൊണ്ട് വരാൻ പോയതായിരുന്നു. തിരിച്ചുവരുമ്പോൾ രാത്രി 11.30. നല്ല വിശപ്പ് തോന്നിയതിനാൽ കരുമാടി കരിയിൽ പാലത്തിന് സമീപം കടവിൽ വള്ളം കെട്ടിയിട്ട് അൽപ്പം അകലെ തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ പോയി. തിരിച്ച് എത്താറായപ്പോഴാണ് നാലു പേരടങ്ങുന്ന സംഘം വള്ളത്തിൽ നിന്ന് ബോട്ട് എഞ്ചിനുമായി ജീപ്പിൽ കയറി പോകുന്നത് കണ്ടത്. ഓടിയെത്തിയപ്പോഴേക്കും മൊബൈലും പേഴ്സും വെച്ചിരുന്ന ബാഗും കാണാനുണ്ടായിരുന്നില്ല. 

പരാതി സ്വീകരിക്കാതെ പൊലീസ് 

അടുത്തദിവസം രാവിലെ പരാതിയുമായി അമ്പലപ്പുഴ പോലീസ് സ്റ്റേഷനിലെത്തിയ മകേഷ് ഞെട്ടിപ്പോയി. വള്ളത്തിൽ നിന്ന് എടുത്തുകൊണ്ട് പോയ എഞ്ചിൻ പോലീസ് സ്റ്റേഷനകത്ത് ഇരിക്കുന്നു. കള്ളൻ കപ്പലിൽ തന്നെയെന്ന് ഉറപ്പിച്ചു. പരാതി സ്വീകരിക്കാതെ മകേഷിനെ  പോലീസ് തിരിച്ചയച്ചു. പോകുന്നതിന് മുമ്പ് സുഹൃത്തിന്റെ മൊബൈലിൽ നിന്ന് സ്റ്റേഷനകത്ത് ഇരിക്കുന്ന എഞ്ചിന്റെ ഫോട്ടോയെടുക്കാൻ മറന്നില്ല. കാണാതായ എഞ്ചിനാണെന്ന് പോലീസുകാരോട് പറഞ്ഞിട്ടാണ് സ്റ്റേഷൻ വിട്ടത്. 

പോരാട്ടം തുടങ്ങുന്നു 

എഞ്ചിനും മൊബൈൽ ഫോണും തിരികെ ആവശ്യപ്പെട്ട് 20 തന്നെ അമ്പലപ്പുഴ എസ്.എച്ച്.ഒയ്ക്ക് രജിസ്ട്രേഡ് തപാലിൽ കത്തയച്ചെങ്കിലും പോലീസ് അനങ്ങിയില്ല. ആലപ്പുഴ പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടും ഫലം കാണാതിരുന്നതിനെ തുട‌ർന്ന് നീതിക്കായി അമ്പലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തു. കോടതിക്ക് കൃത്യസമയത്ത് മറുപടി നൽകാതെ  പോലീസ് ഉരുണ്ടുകളിച്ചതോടെ മജിസ്ട്രേറ്റ് താക്കീതിന്റെ വടിയെടുത്തു. ഒടുവിൽ ഗത്യന്തരമില്ലാതെ ഒക്ടോബർ 10ന് അമ്പലപ്പുഴ പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. 

കള്ളത്തരങ്ങളുടെ റിപ്പോർട്ട് 

രാത്രികാല പെട്രോളിംഗ് നടത്തിയ അമ്പലപ്പുഴ പോലീസ് സംഘം കരുമാടി കടവിൽ കിടന്ന വള്ളത്തിൽ ന ിന്ന് ബോട്ട് എഞ്ചിൻ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ചതായി റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കി. ആരുമില്ലാതെ കിടന്ന വള്ളത്തിൽ നിന്ന് എഞ്ചിൻ മോഷണം പോകാൻ സാധ്യതയുള്ളതിനാല് കസ്റ്റ‌ിയിലെടുത്ത് സ്റ്റേഷനിൽ കൊണ്ടുവന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്റ്റേഷനിലെ അൺക്ലൈംമിഡ് രജിസ്ട്രറിൽ ഇക്കാര്യം രേഖപ്പെടുത്തി. എഞ്ചിന്റെ ഉടമസ്ഥാവകാശം ഉന്നയിച്ച് ഒരു രജിസ്ട്രേഡ് കത്ത് കിട്ടിയിരുന്നതായും കത്തിന്റെ ഉടമയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്റ്റേഷനിൽ ഹാജരായില്ലെന്നും റിപ്പോ‌‌ർട്ടിൽ പറയുന്നു. വള്ളത്തിൽ നിന്ന് എടുത്തുകൊണ്ട് പോയ ബാഗ്, മൊബൈൽഫോൺ എന്നിവയെപ്പറ്റി റിപ്പോർട്ടിൽ പരാമർശമില്ല. 

പച്ചക്കള്ളം 

എഞ്ചിനും മൊബൈൽഫോണും തിരികെ ആവശ്യപ്പെട്ട് പലതവണ പൊലീസ് സ്റ്റേഷനിൽ എത്തിയിട്ടും മകേഷിനെ  തിരിച്ചയച്ച പൊലീസ് കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ടാണ് സമർപ്പിച്ചത്. പോലീസിനെതിരെ കോടതിയിൽ ഫയൽ ചെയ്ത സ്വകാര്യഅന്യായം പിൻവലിച്ചാൽ എഞ്ചിൻ തിരികെ തരാമെന്ന് അമ്പലപ്പുഴ പൊലീസ് നിലപാടെടുത്തു. ഗത്യന്തരമില്ലാതെ 2026 ഫെബ്രുവരി 5ന് കോടതിയിലെ പരാതി പിൻവലിച്ച് സ്റ്റേഷനിലെത്തി എഞ്ചിൻ തിരികെ തരണമെന്ന് അപേക്ഷ എഴുതി നൽകി. മറ്റ് പരാതികളൊന്നും ഇല്ലെന്ന് കൂടി എഴുതി വാങ്ങിയ ശേഷം മാത്രമാണ് എഞ്ചിൻ തിരികെ നൽകാൻ പോലീസ് തയ്യാറായത്. കോടതി കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് ഭയന്ന് മാത്രമാണ് പോലീസ് ഇതിന് തയ്യാറായതെന്നും മകേഷ് പറയുന്നു. 

മൊബൈൽ എവിടെ ?

20000 രൂപ വിലയുള്ള മൊബൈലും 25,000 രൂപ വിലയുള്ള  ബോട്ട് എഞ്ചിനുമാണ് പൊലീസ് എടുത്തുകൊണ്ട്പോ പോയത്. ഇവ തിരിച്ചു കിട്ടാൻ നടത്തിയ പോരാട്ടത്തിന് മകേഷന് ഇതുവരെ ചെലവായത് ഒരു ലക്ഷം രൂപയാണ്. എന്നിട്ടും ഫോൺ കിട്ടിയിട്ടില്ല. ഫോൺ കൊണ്ടുപോയതായി പോലീസ് സമ്മതിക്കുന്നുമില്ല. സംഭവദിവസത്തെ ടവർലോക്കേഷൻ എടുത്താൽ അമ്പലപ്പുഴ പോലീസിന്റെ കള്ളി പൊളിയുമെന്ന് മകേഷ് പറയുന്നു. കേസുമായി മുന്നോട്ട് പോകാനുള്ള സാമ്പത്തികം ഇല്ലാത്തതിനാലാണ് കോടതിയിൽ നൽകിയ പരാതി പിൻവലിച്ചത്. തന്റെ അടിച്ചുമാറ്റിയ ഫോൺ തിരികെ കിട്ടണമെന്നതാണ് പ്രധാന ആവശ്യം. 

സംഭവത്തിൽ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപികരിച്ച് അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് എറണാകുളം റേഞ്ച് ഐ.ജിക്ക് മകേഷ് പരാതി നൽകി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img